യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്.
ഭൗതിക ശരീരവും ആത്മാവും തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.

പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു.
"സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ" എന്നിവ.
അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് "പതഞ്ജലി മഹർഷി" ആണ്.
അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ്

  1. യമം
  2. നിയമം
  3. ആസനം
  4. പ്രാണായാമം
  5. പ്രത്യാഹാരം
  6. ധാരണം
  7. ധ്യാനം
  8. സമാധി
യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക. യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം.യമം പരിശീലിക്കുന്ന സാധകൻ തിന്മയിൽനിന്നും, ശുദ്ധീകരണത്താൽ സ്വയം പരിരക്ഷിച്ച് സമൂഹത്തിനു നന്മനല്കുന്നു.

അഹിംസ,സത്യം,അസ്തേയം,ബ്രഹ്മചര്യം,അപരിഗ്രഹം എന്നിവയാണ് യമങ്ങൾ.

അഹിംസ - ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക.

സത്യം - വ്യാജമായത് ചെയ്യാതിരിക്കുക

അസ്തേയം - ആരേയും വഞ്ചിക്കാതിരിക്കുക

ബ്രഹ്മചര്യം - മാനസ്സികവും ശാരീരികവുമായ എല്ലാവിധ ഇന്ദ്രിയ സുഖങ്ങളേയും നിയന്ത്രിച്ച് സദാ സമയവും നല്ല ചിന്തകളിലും പ്രവൃത്തികളിലും മുഴുകുക

അപരിഗ്രഹം - ഒന്നിനോടും മമത ഇല്ലാതിരിക്കുക

നിയമം യമങ്ങളെ അനുഷ്ഠിച്ച സാധകനെ ധാർമ്മിക ജീവിതത്തിന്റെ വഴികളുമായി ബന്ധിപ്പിക്കുന്നതാണ് നിയമങ്ങൾ.

ശൗചം,സന്തോഷം,തപസ്സ്,സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവയാകുന്നു നിയമങ്ങൾ
ആസനം - ഇന്ദ്രിയങ്ങളെ ബാഹ്യ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി, അവയെ നിയന്ത്രിച്ച്, സ്വസ്ഥമായും സ്ഥിരമായും നിലകൊള്ളാൻ സഹായിക്കുന്ന ശാരീരികസ്ഥിതികൾ ആണ് ആസനങ്ങൾ.

പ്രാണായാമം - നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ നടക്കുന്ന ശ്വാസോച്ഛാസങ്ങളും വായുവിന്റെ ചലനങ്ങളും അൽപ്പനേരത്തേക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമമാണ് പ്രാണായാമം.

ജ്ഞാന, കർമ്മ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബാഹ്യലോകത്തു നിന്ന് അകലുന്നത് പ്രത്യാഹാരമെന്നും, ശ്രദ്ധ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനെ ധാരണം എന്നും ബുദ്ധിയെയും ചിന്തകളേയും അതിലേക്കെത്തിക്കുന്നതിനെ ധ്യാനം എന്നും തൽഫലമായി ആപേക്ഷികം മാത്രമായ സുഖദു:ഖശീതോഷ്ണ സംഗങ്ങളെ ഇല്ലാതാക്കി സമമായ ബുദ്ധിയിലേക്ക് മനസ്സിനെ എത്തിച്ച് സമാധി കൈവരിക്കുന്നതും എല്ലാം ചേർന്നതാണ് യോഗ.

യോഗ: ചിത്തവൃത്തി നിരോധ - ചിത്തവൃത്തി എന്നാൽ മനസ്സിന്റെ വ്യാപാരങ്ങൾ. അതിനെ നിരോധിക്കലാണ് യോഗ.എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമായിട്ട് ഒരിടത്ത് ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങിനെ ഇരിക്കാൻ കഴിഞ്ഞാലും ആ സ്വസ്ഥത ശരീരത്തിനു മാത്രമല്ലേ ഉള്ളൂ. ആ നിർവൃതി മനസ്സിനും കൂടി കിട്ടിയാലോ...
അതിനു വേണ്ടിയാണ് യോഗ.ശരീരാവയവങ്ങൾ ചില പ്രത്യേക രീതിയിൽ ക്രമീകരിച്ച് ചെയ്യുന്ന ആസനങ്ങളുടെ പൂർണ്ണ ഫലം കിട്ടണമെങ്കിൽ മനസ്സിന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയും ക്രമേണ മനസ്സിനെ കുറച്ചു സമയമെങ്കിലും ശ്യൂനമാക്കി നിർത്താനും കഴിയണം.അതിന് ശ്വാസഗതിയേയും നിയന്ത്രിക്കേണ്ടതുണ്ട്.മനസ്സിന്റെ വ്യാപാരങ്ങളെ കടിഞ്ഞാൺ ഇട്ടാൽ, ബാഹ്യലോകത്തെ വിഷയ സുഖങ്ങളിലേക്കുള്ള പഞ്ചേന്ദ്രിയങ്ങളുടെ ഗതി നിയന്ത്രിച്ചാൽ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കും,അതായത് നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മർദ്ദം,
ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകർക്ക് കഴിയും.അതൊക്കെ സാധിച്ചെടുക്കണമെങ്കിൽ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.
അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലർത്താതെ, താരതമ്യേന ലളിതവും എന്നാൽ കൂടുതൽ ഫലവത്തുമായ *സൂര്യനമസ്ക്കാരം* പോലെ ഉള്ളവ പരിശീലിക്കാൻ ശ്രമിക്കുക.



Post a Comment

Previous Post Next Post