ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നവയാണ് രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും  നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. 

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ  തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും.



 ക്ഷേത്രത്തിലും ,  ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും.  ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ  വിളമ്പി ഭഗവാന്‌ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.  തുടര്‍ന്ന്‌ മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക്‌ സദ്യവിളമ്പും.

പംബയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന  എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും.  ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍  ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി  ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. 

ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി,  കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌,  പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം,  ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്‌, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍,  തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്‌, മടന്തയിലത്തോരന്‍,  പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി  മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍  ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി  ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്. പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും  ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ്  വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍  വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി  സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍  കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ  കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട്  വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്.  അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.

എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം.  സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും  കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്,  കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു.  ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക്  കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു.  ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു .  പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം  വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു.

 


ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി. വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും.  പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി.  സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു.  നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം.  ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.

കടപ്പാട്  : അരുവിക്കര ശ്രീ ഭഗവതീ ക്ഷേത്രം

Post a Comment

Previous Post Next Post