ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ പിതാവായിരുന്നു മലയാളിയായ വര്‍ഗ്ഗീസ് കുര്യന്‍.  1921 നവംബർ 26ന് കോഴിക്കോട് പുത്തൻപാറയ്ക്കൽ കുര്യന്റെ മകനായി ജനിച്ച വർഗ്ഗീസ് കുര്യൻ, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പ്പാദകരാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് . ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ് .



1936-ല്‍ എസ്.എസ്.എല്‍.സി. പാസ്സായ വര്‍ഗ്ഗീസ് കുര്യന്‍ മദ്രാസ് ലയോള കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ എഴാം റാങ്കോടെ ബിരുദം നേടി. ശേഷം മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദാനന്തര ബിരുദം നേടിയ കുര്യൻ ഡയറി എഞ്ചിനിയറിംഗ് പഠനത്തിന് നിയോഗിക്കപ്പെട്ടതോടെ സ്വന്തം ജീവിതം മാത്രമല്ല, രാജ്യത്തെ ക്ഷീരകർഷകരുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടു.

അമുല്‍ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുന്‍ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്‌നമാണ്.  വർഗീസ് കുര്യൻ തന്റെ പ്രവൃത്തി ആരംഭിച്ചപ്പോൾ ഇന്ത്യ ഉൽപാദിപ്പിച്ചിരുന്നത് രണ്ടുകോടി ടൺ പാലായിരുന്നു. അക്കാലത്ത് പാൽ അപൂർവ്വമായ ഒരു വസ്തുവായിരുന്നതുകൊണ്ട് റേഷൻ തോതിലാണ് ലഭിച്ചിരുന്നത്. ഇന്ന് ഏഴുകോടി ടൺ പാൽ ഉൽപാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദകരുടെ കൂട്ടത്തിൽ നിൽക്കുന്നു. ഈ പാൽ സമൃദ്ധിയുടെ പിന്നിൽ പ്രവർത്തിച്ച മസ്തിഷ്‌കം ഡോ വർഗീസ് കുര്യന്റേതായിരുന്നു.

അമുലിന്റെ വിജയം മറ്റു ജില്ലകളിലെ കർഷകർക്കു പ്രചോദനമായിത്തീർന്നു. നാല് അയൽജില്ലകളിൽ സമാനരീതിയിലുള്ള സഹകരണപ്രസ്ഥാനങ്ങൾ കെട്ടപ്പടുക്കാൻ കുര്യൻ കർഷകരെ സഹായിച്ചു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ നേരിട്ടെത്തി അമുലിന്റെ വിജയം കണ്ടു മനസ്സിലാക്കി. അവരോരോരുത്തരം തങ്ങളുടെ ജില്ലകളിൽ അമുലിനെപ്പോലൊന്ന് സൃഷ്ടിച്ചെടുക്കാൻ പരിശ്രമിച്ചു. അമുലിന്റെ വിജയകഥ കണ്ട ഭാരതസർക്കാർ ഇത് ഇന്ത്യയിലാകമാനം ആവർത്തിക്കാനായി ഓപ്പറേഷൻ ഫ്ലഡ് എന്നൊരു പദ്ധതിക്ക് രൂപം നൽകി, ഇതിന്റെ നേതൃത്വം കുര്യനായിരുന്നു. ഗുജറാത്തിൽ ആനന്ദ് മിൽക്ക് യൂണിയന്റെ വിജയമാണ് കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. 

1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. 2012 സെപ്റ്റംബർ 9 നായിരുന്നു മരണം.

കടപ്പാട് : mlylm

Post a Comment

Previous Post Next Post