കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം. ഈ ക്ഷേത്രത്തില്‍ ആറടി ഉയരമുള്ള നാലു കൈയുള്ള സുബ്രഹ്മണ്യ ശിലാവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത്രയും വലുപ്പമുള്ള വിഗ്രഹം വളരെ അപൂര്‍വ്വമാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന് മുന്നിൽ സ്വർണ്ണ ധ്വജം രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു. ഭഗവാന്റെ വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം ഇതുതന്നെയാണ്.
പണ്ട് ഈ സ്ഥലത്തിന്റെ പേര് 'ഏകചക്രം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു.
'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ് പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.
അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി . അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ലാധിവാസമേറ്റുകിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ.
പണ്ട് പരശുരാമൻ പൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.
കടപ്പാട് : ഹിന്ദു ക്ഷേത്രങ്ങൾ