കേരളത്തിലെ മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് ദഫ്മുട്ടുകളി.  വിവാഹവേളകളിലും മറ്റ് സാംസ്കാരിക ആഘോഷവേദികളിലും ദഫ്മുട്ട് അവതരിപ്പിക്കാറുണ്ട്. സംഘം ചേർന്നാണ് ദഫ്മുട്ട് അവതരിപ്പിക്കുക.  

മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. 

 ദഫ് ഉപയോഗിച്ചു കൊണ്ട് താളത്തിനൊത്തുള്ള കൊട്ടിക്കളിയാണ് ഇത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞ് ചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. 

ദഫിന്റെ ചരിത്രം കടലിനക്കരെയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവും ഉണ്ട് അതിന്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പല രൂപത്തില്‍ പലയിടത്തും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് ഇതറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അദ്‌റാസ്, മുസ്തദീറുല്‍ ബസീത്ത്, മുസ്തദീറുല്‍ ജലാലീല്‍ തുടങ്ങിയവ അതിന്റെ ചില നാമങ്ങളാണ്. 

വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ് എന്നാണ് വിളിച്ചിരുന്നത്. സ്പാനിഷില്‍ ഉദുഫെന്നും സിറിയയില്‍ ദീറയെന്നും ഇന്ത്യയില്‍ ദഹ്‌റായെന്നും ദഫ്‌ലിയെന്നുമെല്ലാം വിളിക്കപ്പെട്ടിരുന്നു. അറബികള്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ ദഫ് മുട്ട് സമ്പ്രദായമുണ്ടായിരുന്നു. കല്യാണം, സ്വീകരണം തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്.



Previous Post Next Post