വാസ്തുവിദ്യാ സവിശേഷതകളാൽ നിർമ്മിതമായ പള്ളി കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅയൂബ് മൂസ്ലിയാരുടെ നേതൃത്വത്തിലാണ് നിർമിച്ചത്. തച്ചുശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന നിര്‍മാണ ചാരുത പള്ളിയുടെ ഗാംഭീര്യത്തെ ഉയര്‍ത്തിക്കാട്ടുന്നു.
കേരള- പേർഷ്യൻ വാസ്തുവിദ്യാ പ്രകാരം നിർമിച്ച പള്ളിക്കുള്ളിൽ ഒരു മീറ്റർ ചുറ്റളവും നാല് മീറ്റർ ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. മൂന്നു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നില പൂർണ്ണമായും മരം കൊണ്ട് നിർമിച്ചതും ഒരേ സമയം മൂന്നു ദർസുകൾ നടത്താൻ പോന്നതുമാണ്.
മുവ്വായിരത്തോളം പേര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഈ പള്ളിയില്‍ ഇന്നുവരെ ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല. നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ ചലനങ്ങള്‍ മുകള്‍ തട്ടുകളിലേക്ക് അറിയാന്‍ മുഅദ്ദിന്‍ ഉച്ചത്തില്‍ തക്ബീറുകള്‍ ചൊല്ലുന്ന പതിവാണ് ഇവിടെയുള്ളത്. വടക്കന്‍ പാട്ടുകളിലും മറ്റും പരാമര്‍ശമുള്ള പള്ളിക്ക് അഞ്ചുനൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.