മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ ഭൂമിയിൽ അവതരിച്ചത്. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസം വ്രതമെടുത്ത് ഭഗവൽമന്ത്രങ്ങൾ ജപിക്കും. അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.
ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി .
ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഡയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു .
അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു .
വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . എന്തും ഒറ്റയ്ക്ക് ചെയ്യുവാൻ കഴിവുള്ളവനാണ് ഈശ്വരൻ . അദ്ദേഹം വൈകുണ്ഠത്തിൽ വിഷ്ണുവായും , കൈലാസത്തിൽ ശിവനായും,സത്യലോകത്തു ബ്രഹ്‌മാവായും വർത്തിക്കുന്നു . എങ്കിലും തന്റെ അവതാരത്തെ വിപുലപ്പെടുത്തുവാനായും , ദേവന്മാരുടെ സന്തോഷത്തിനായും അദ്ദേഹം അവരെക്കൂടി ഭൂമിയിലേക്ക് ക്ഷണിച്ചുവെന്നു ഹരിവംശത്തിൽ വ്യാസമുനി പറയുന്നു . അത്തരത്തിൽ മഹാവിഷ്ണു ശ്രീകൃഷ്ണനായി മായാപുരുഷനായി അവതരിച്ചു .
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍
Post a Comment